ജഡ്ജിമാർക്ക് പുസ്തകം എഴുതികൊടുക്കുന്ന വക്കീല്

കീഴില്ലം എൽദോസ് ചേട്ടൻ എന്റെ ഓഫീസിലെ ഒരു സ്ഥിരം സന്ദർശകനാണ്. ടിയാന്റെ പ്ലൈവുഡ് ഫാക്ടറിക്കു പഞ്ചായത്ത് ലൈസൻസ് നേടിക്കൊടുത്തതാണ് എന്റെ ആദ്യത്തെ പ്രമാദമായ വിജയം. അദ്ദേഹം ഒരു ദിവസം കുശലാന്വേഷണത്തിന് എന്റെ ഓഫീസിൽ വന്നപ്പോൾ മേശപ്പുറത്തിരിക്കുന്ന മാഗസിൻചട്ടയിൽ എന്റെ പേര് എഴുതിയിരിക്കുന്നത് ശ്രദ്ധിച്ചു. പുസ്തകം മറിച്ച് നോക്കുന്നത് കണ്ട് ഞാൻ പറഞ്ഞു കൊടുത്തു ആ പുസ്തകത്തിലാണ് കേരളാ ഹൈകോടതിയുടെ പ്രധാനമായ വിധികൾ പ്രസ്ഥീകരിക്കുന്നതെന്ന്. എല്ലാം മനസ്സിലായി എന്ന മട്ടിൽ എൽദോസ് ചേട്ടൻ തലയാട്ടി സ്ഥലം വിട്ടു.

ഒരാഴ്ച്ചക്ക് ശേഷം ഞാൻ ഫയൽ ചെയ്ത ഒരു ചെറിയ കേസിൽ ഒരു കാരണവുമില്ലാതെ എതിർകക്ഷി ഒരു മുതിർന്ന അഭിഭാഷകനെ ഹാജരാക്കി. ഞാൻ കൌതുകത്തോടെ എൻഗേജിങ് വക്കിലിനോട് ചോദിച്ചു എന്താണ് പെട്ടെന്ന് ഈ കേസിൽ മുതിർന്ന അഭിഭാഷകനെ കൊണ്ടുവരാൻ കാരണമെന്ന്. പുള്ളി ചിരിച്ചു കൊണ്ട് പറഞ്ഞു ടിയാന്റെ കക്ഷി എന്നെ പറ്റി അന്വേഷിച്ചപ്പോൾ ഞാൻ ജഡ്ജിമാർക്ക് പുസ്തകം എഴുതി കൊടുക്കുന്ന വക്കീലാണെന്നാണ് അറിഞ്ഞതെന്ന്. അമ്പരന്ന് ഞാൻ കൂടുതൽ അന്വേഷിച്ചപ്പോൾ, ടി വൃത്താന്തത്തിന്റെ ഉറവിടം എൽദോസ് ചേട്ടൻ ആണെന്ന് മനസ്സിലായി. ഒന്നും പറയാൻ കഴിയാതെ ചിരിച്ചുകൊണ്ട് ഞാൻ എൽദോസ് ചേട്ടനെ വിളിച്ചു, ഒരു ചായ മേടിച്ചുതരാമെന്നു പറഞ്ഞു.

Kerala High Court Cases

Leave a comment